മലപ്പുറം: രണ്ട് നിപ കേസുകള്‍ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുന്നു. രാവിലെ പത്തിന് സ്ഥിതി വിലയിരുത്താന്‍ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു.
കണ്ടെയ്മെന്റ് സോണുകളില്‍ കര്‍ശന ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലപ്പുറം പാലക്കാട്ടുമാണ് നിലവിൽ നിപ സ്ഥിരീകരിച്ചിട്ടുള്ളത്.
മങ്കട സ്വദേശിയായ പതിനെട്ടുകാരിയുടെ മരണം നിപ ബാധിച്ചാണെന്ന് സ്ഥിരീകരുന്നു. പാലക്കാട് നിപ ബാധിച്ച് ചികിത്സയിലുള്ള 38കാരിയുടെ നില ഗുരുതരമായി തുടരുകയാണ്. നിലവില്‍ രണ്ട് കേസുകളും തമ്മില്‍ ബന്ധമില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.
മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ അതീവ ജാഗ്രത തുടരുകയാണ്. മൂന്ന് ജില്ലകളിലും കണ്ട്രോൾ റൂമുകൾ തുറന്നു. നിപ സ്ഥിരീകരിച്ച രണ്ട് പേരുടെയും റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. റൂട്ട് മാപ്പിലെ സ്ഥലങ്ങളിൽ ഉണ്ടായിരുന്നവർ അധികൃതരെ വിവരമറിയിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
മലപ്പുറം ജില്ലയിലെ മക്കരപറമ്പ്, കൂട്ടിലങ്ങാടി, മങ്കട, കുറുവ പഞ്ചായത്തുകളിലെ ഇരുപത് വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി 345 പേരാണ് സമ്പർക്കപ്പട്ടികയിൽ ഉള്ളത്.